ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍കപ്പില്‍ ബാഴ്‌സലോണ കീഴടങ്ങി. കറ്റാലന്‍പടയെ 5-1 ന് മറികടന്ന് അത്‌ലറ്റിക്കോ ബില്‍ബാവോ സൂപ്പര്‍കപ്പില്‍ മുത്തമിട്ടു. ഇതോടെ സ്പാനിഷ് കിങ്‌സ്‌കപ്പില്‍ ബാഴ്‌സയില്‍ നിന്നേറ്റ തോല്‍വിക്ക് മധുരപ്രതികാരം ചെയ്യാനും അത്‌ലറ്റിക് ക്ലബ്ബിനായി. ആദ്യപാദത്തിലെ 4-0 തോല്‍വിക്ക് പകരംവീട്ടാന്‍ സ്വന്തം തട്ടകത്തിലിറങ്ങിയ മെസ്സിയെയും സംഘത്തെയും രണ്ടാം പാദത്തില്‍ 1-1 ന് സമനിലയില്‍ തളച്ചാണ് ബില്‍ബാവോ കിരീടത്തിലേക്ക് മുന്നേറിയത്.
ബാഴ്‌സ താരം ജെറാര്‍ഡ് പിക്വെയും ബില്‍ബാവോയുടെ കിക്കെ സോളെയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ സംഭവബഹുലമായ മത്സരമാണ് സമനിലയില്‍ അവസാനിച്ചത്. ബാഴ്‌സയ്ക്കായി ലയണല്‍ മെസ്സിയും (43) ബില്‍ബാവോയ്ക്കായി അര്‍ട്ടിസ് അഡുരിസും (78) ഗോള്‍ നേടി. ആദ്യപാദത്തില്‍ ഹാട്രിക് നേടിയ അഡുരിസിന് ഇരുപാദങ്ങളിലുമായി നാല് ഗോളായി.
സൂപ്പര്‍കപ്പ് സീരീസില്‍ നാല് ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതി ഇതോടെ ബില്‍ബാവോ സ്‌ട്രൈക്കര്‍ക്ക് സ്വന്തമായി. അഞ്ച് സൂപ്പര്‍കപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി മെസ്സിക്കും ലഭിച്ചു.