ബംഗളൂരു: സ്പീക്കര്‍ ജി.കാര്ത്തികേയന് (66)അന്തരിച്ചു. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
റോബോട്ടിക് റേഡിയോ ശസ്ത്രക്രിയയ്ക്കായാണ് അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്സിജി സെന്റര്‍ ഫോര്‍ ഓങ്കോളജി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. നേരത്തെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നെങ്കിലും കാര്യമായി പ്രയോജനം ചെയ്തില്ല.
നിലവില്‍ പതിമൂന്നാം നിയമസഭയിലെ സ്പീക്കറും തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് കാര്ത്തികേയന്.
1995 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായും 2001 ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ, സാംസ്കാരിക മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പരാതി പരിഹാര സെല്‍ ചെയര്മാന്, ഒമ്പതാം നിയമസഭയിലെ ചീഫ് വിപ്പ്, 10-ാം നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി ഉപനേതാവ്, പലഘട്ടങ്ങളിലായി കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും കാര്ത്തികേയന് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
1949 ജനുവരി 20 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എ.പി. ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് കാര്‍ത്തികേയന്റെ ജനനം. എല്‍എല്‍ബി ബിരുദധാരിയായ അദ്ദേഹം കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.
ഭാര്യ ഡോ.എം.ടി. സുലേഖ(ഡയറക്ടര്‍, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം) മക്കള്‍ അനന്തപത്മനാഭന്(എന്‍ജിനീയര്‍, ജക്കാര്‍ത്ത) ശബരീനാഥ്(മാനേജര്‍ – എച്ച്ആര്‍, ടാറ്റ, മുബൈ)