സ്വാതന്ത്ര ദിനാഘോഷം; യൂണിഫോമില്‍ നാഗനൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ലഖ്നൌ: നാഗനൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. ഉത്തര്‍പ്രദേശിലാണ് സംഭവം. നാഗനൃത്തം ചെയ്ത സബ് ഇൻസ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റി. നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

പില്‍ബിത്തിലെ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറം കോണ്‍സ്റ്റബിളും നടത്തിയ നാഗനൃത്തമാണ് ഒടുവില്‍ നടപടിയില്‍ കലാശിച്ചത്. സ്വാതന്ത്രദിനത്തില്‍ യൂണിഫോമിട്ട് നടത്തിയ നൃത്തം വൈറലാവുകയും പിന്നാലെ ച‍ർച്ചയാവുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ മുൻപില്‍ മറ്റ് പൊലീസ് ഉദ്യോസ്ഥരെ കാഴ്ചക്കാരാക്കിയായിരുന്നു ഇരുവരുടെയും പ്രകടനം.

വീഡിയോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം തമാശയായാണ് കണ്ടെതെങ്കില്‍ മറ്റ്ചിലർ അനുചിതമാണെന്ന വിമർശനവും ഉയര്‍ത്തിയിരുന്നു. എന്തായാലും യൂണിഫോമില്‍ നടത്തിയ നൃത്തം പൊലീസ് സേനക്ക് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടിയുണ്ടായത്.

Top