സൗജന്യ നേത്ര ശസ്ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത പത്തു പേരുടെ കാഴ്ച്ച നഷ്ടപ്പെട്ടു

സിംല: സൗജന്യ നേത്ര പരിശോധനാ ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ പത്തു പേരുടെ കാഴ്ച്ച നഷ്ടപ്പെട്ടു. ഹിമാചല്‍പ്രദേശിലെ കങ്കാര ജില്ലയിലാണ് സംഭവം.

അറുപതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ക്യാമ്പ് കഴിഞ്ഞ ഉടനെ തന്നെ നിരവധി പേര്‍ കണ്ണിന് അസ്വസ്ഥത ഉള്ളതായി പരാതിപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ നിരവധി തവണ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍ കഴിഞ്ഞ ദിവസം പത്തുപേരുടെ കാഴ്ച്ച പൂര്‍ണമായി നഷ്ടപ്പെട്ടു.

കാഴ്ച്ച നഷ്ടപ്പെട്ടവര്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡോക്ടറെ ശിക്ഷിക്കണമെന്ന് കാഴ്ച്ച ശക്തി നഷ്ടപ്പെട്ട രഘുബിര്‍ സിങ് ആവശ്യപ്പെട്ടു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വളരെ വൃത്തി ഹീനമായ സാഹചര്യത്തിലാണ് ശസ്ത്രക്രിയകള്‍ നടത്തിയതെന്നാണ് ആരോപണം.

കഴിഞ്ഞ മാസം പഞ്ചാബില്‍ സൗജന്യ നേത്ര ശസ്ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത 14 പേരുടെ കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ സൗജന്യ ചികിത്സാ ക്യാമ്പുകളുടെ വിശ്വാസ്യതയ്ക്ക് ഇതോടെ കോട്ടം വന്നിരിക്കുകയാണ്.

Top