ന്യൂഡല്‍ഹി : ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്നലെ ചണ്ഡിഗഡില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗമാണ് മുഖ്യമന്ത്രിയെ നിശ്ചയിച്ചത്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുതിര്‍ന്ന നേതാവ് ദിനേഷ് ശര്‍മ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ദീപാവലിക്കു ശേഷം ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞ. പഞ്ചാബി സമുദായാംഗമായ ഖട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ 18വര്‍ഷത്തിനു ശേഷം ജാട്ട് ഇതര സമുദായത്തില്‍ നിന്നുള്ള നേതാവ് ഹരിയാന മുഖ്യമന്ത്രിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയാണ് ഖട്ടര്‍.
മോദി ഹരിയാണയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഖട്ടാര്‍ ജനവിധി തേടിയ കര്‍ണാലില്‍ നിന്നായിരുന്നു. ജാട്ട് ഇതര സമുദായക്കാരായ പിന്നാക്ക വിഭാഗത്തിന്റെയും ദളിതരുടേയും ഉറച്ച പിന്തുണയായിരുന്നു ബി.ജെ.പിയെ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ചത്. ഇരുപത്തിനാലാം വയസില്‍ ആര്.എസ്.എസില്‍ ചേര്‍ന്ന ഖട്ടാര്‍ 14 വര്‍ഷത്തെ ആര്.എസ്.എസ് പ്രവര്‍ത്തനത്തിനു ശേഷം സംഘടന നിര്‍ദേശപ്രകാരം 1994 ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു.