മനില: ശക്തമായ ഹാഗുപിറ്റ് ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീന്‍സിനു സമീപമെത്തിയതോടെ ആയിരക്കണക്കിനു പേര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി. തീരദേശത്തു നിന്നുള്ള 19,000 പേരെ 26 അഭയാര്‍ഥി ക്യാംപുകളിലേക്കാണു മാറ്റിയത്. താല്‍ക്കാലിക അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവരെയും തീരദേശമേഖലയിലുള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്.
പെസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട റുബിയെന്ന ഹാഗുപിറ്റ് ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച വൈകീട്ടോടെ ഫിലിപ്പീന്‍സിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ചുഴലിക്കൊടുങ്കാറ്റ് എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഹയാന്‍ നാശം വിതച്ച സമാര്‍ പ്രവിശ്യയുടെ വടക്കു കിഴക്കന്‍ മേഖലയിലും തക്ലോബാന്‍ മേഖലകളിലൂടെയുമായിരിക്കും ഹാഗുപിറ്റും വീശുകയെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, ഹയാന്‍ ചുഴലിക്കൊടുങ്കാറ്റുപോലെ ഹാഗുപിറ്റ് വിനാശകാരിയാവില്ലെന്നാണു കരുതപ്പെടുന്നത്. ചുഴലിക്കൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.