ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തില്‍ 2.6 ശതമാനം കുറവ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സാധന വിതരണ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തില്‍ കുറവ്. സോപ്പ് ഉള്‍പ്പെടെയുള്ള ചില ഉത്പന്നങ്ങള്‍ക്ക് വില കുറച്ചതും എക്‌സൈസ് നികുതിയിളവുകള്‍ പിന്‍വലിച്ചതും കമ്പനിയുടെ ലാഭത്തില്‍ ഇടിവുണ്ടാക്കി.

ലാഭത്തില്‍ 2.6 ശതമാനം കുറവാണ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനിക്കുണ്ടായത്. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 962 കോടി രൂപയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭം.

അതേസമയം മൊത്തം വിപണി വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാനായി. ഏഴു ശതമാനമാണിത്. ലാഭത്തില്‍ കുറവുണ്ടായപ്പോഴും നിക്ഷേപകര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്നതായി ഇത്.

820 കോടി രൂപയുടെ വില്പനയാണ് രണ്ടാം പാദത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നടത്തിയത്. ഒന്നാം പാദത്തില്‍ വില്പനയില്‍ 5.3 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ 4.7 ശതമാനം മാത്രമാണ് രണ്ടാം പാദത്തിലെ വളര്‍ച്ച.

ലക്‌സ് ഉള്‍പ്പെടെയുള്ള സോപ്പിന്റെയും ഡിറ്റര്‍ജന്റുകളുടെയും വിലയില്‍ കമ്പനി കുറവു വരുത്തിയിരുന്നു. ഉത്പാദന ചെലവ് കുറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പരസ്യച്ചെലവ് ഉള്‍പ്പെടെയുള്ളവയില്‍ വര്‍ധനയുണ്ടായി. 23.8 ശതമാനമാണ് പരസ്യ പ്രചാരണത്തിനായുള്ള ചെലവ് കൂടിയത്.

Top