ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി

ഇരുചക്രവാഹന വിഭാഗത്തിലെ വില്‍പ്പന വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടു ഹീറോ മോട്ടോ കോര്‍പ് പരിഷ്‌കരിച്ച ‘എക്‌സ്ട്രീം സ്‌പോര്‍ട്‌സ്’ പുറത്തിറക്കി. എക്‌സ്ട്രീം സ്‌പോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഡല്‍ഹി ഷോറൂമില്‍ 72,725 രൂപയാണു വില.

കൈവിട്ട പോയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഹീറോ മോട്ടോ കോര്‍പ് നവീകരിച്ച ‘എക്‌സ്ട്രീം സ്‌പോര്‍ട്‌സ്’ അവതരിപ്പിക്കുന്നത്. കാഴ്ചയില്‍ കൂടുതല്‍ പകിട്ടിനായി ഇരട്ട എല്‍ ഇ ഡി പൈലറ്റ് ലാംപും വിങ്കറുകളും സഹിതമുള്ള പുത്തന്‍ ഹെഡ്‌ലാംപ് സഹിതമാണു ബൈക്കിന്റെ വരവ്. പാന്തര്‍ ബ്ലാക്ക്, ഫിയറി റെഡ്, മെര്‍ക്കുറിക് സില്‍വര്‍ എന്നിവയ്‌ക്കൊപ്പം പുതു വര്‍ണങ്ങളായ ബ്ലാക്ക്-റെഡ്, പൈറോ ഓറഞ്ച് എന്നിവയിലും നവീകരിച്ച ‘എക്‌സ്ട്രീം സ്‌പോര്‍ട്‌സ്’ ലഭ്യമാവും.

സുരക്ഷയ്ക്കായി ട്യൂബ് രഹിത ടയറാണു ബൈക്കിലുള്ളത്; മെച്ചപ്പെട്ട റോഡ് ഗ്രിപ്പിനായി പിന്നില്‍ വീതിയേറിയ ടയറുകളും ഹീറോ ഘടിപ്പിച്ചിട്ടുണ്ട്. വ്യക്തമായ കാഴ്ച ലക്ഷ്യമിടുന്ന ഡിജിറ്റല്‍ അനലോഗ് കണ്‍സോളില്‍ സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്ററിനും ഇടമുണ്ട്.

ബൈക്കിനു കരുത്തേകുന്നത് 149.2 സി സി, എയര്‍ കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 8,500 ആര്‍ പി എമ്മില്‍ പരമാവധി 15.6 ബി എച്ച് പി കരുത്തും 7,000 ആര്‍ പി എമ്മില്‍ പരമാവധി 13.5 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ബൈക്കിനു വെറും 4.7 സെക്കന്‍ഡ് മതിയെന്നാണു ഹീറോയുടെ അവകാശവാദം.

കമ്യൂട്ടര്‍ വിഭാഗത്തില്‍ അനിഷേധ്യ മേധാവിത്തം നിലനിര്‍ത്തുന്ന ഹീറോ മോട്ടോ കോര്‍പിനെ സംബന്ധിച്ചിടത്തോളം പ്രീമിയം വിപണിയില്‍ നില ഭദ്രമല്ലെന്നതാണു യാഥാര്‍ഥ്യം. സ്‌പ്ലെന്‍ഡറും പാഷനുമൊക്കെ ചേര്‍ന്ന് കമ്യൂട്ടര്‍ വിഭാഗം ഭരിക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് – പ്രീമിയം വിഭാഗങ്ങളിലായി 2014 – 15ല്‍ കമ്പനി വിറ്റത് ഒരു ലക്ഷം ബൈക്കില്‍ താഴെയായിരുന്നു; അതും 2013- 14ലെ വില്‍പ്പനയെ അപേക്ഷിച്ച് 9.23% ഇടിവോടെ.

എതിരാളികളായ ബജാജ് ഓട്ടോയാവട്ടെ ‘പള്‍സര്‍’ ശ്രേണിയുടെ ചിറകിലേറി 5.87 ലക്ഷം ബൈക്കുകളാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്; അതും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 26% വളര്‍ച്ചയോടെ.

Top