ബെയ്ജിങ്: ഹോങ്കോങില്‍ ജനാധിപത്യാനുകൂലികളും പോലിസും ഏറ്റുമുട്ടി. ഹോങ്കോങ് സര്‍ക്കാര്‍ ആസ്ഥാനം വളയാനുള്ള പ്രക്ഷോഭകരുടെ ശ്രമമാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
40 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായും സംഘര്‍ഷത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എത്തുന്ന ബ്രിട്ടിഷ് പാര്‍ലമെന്ററി സംഘത്തെ ഹോങ്കോങില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന ചൈനീസ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണു പുതിയ സംഘര്‍ഷം ഉടലെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി സമരക്കാര്‍ മേഖലയിലേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ചു തടസ്സപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പോലിസ് ഇതു നീക്കംചെയ്യാനെത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. നാവിക സേന ആസ്ഥാനത്തിനു സമീപത്തെ റോഡ് രണ്ടു മാസമായി പ്രക്ഷോഭകര്‍ ഉപരോധിക്കുകയാണ്.
ഹെല്‍മറ്റ് ധരിച്ച് പ്രക്ഷോഭത്തിന്റെ ചിഹ്നമായ കുടയേന്തിയാണ് പ്രക്ഷോഭകര്‍ സമരത്തിനെത്തിയത്. ഹെല്‍മറ്റും പ്ലാസ്റ്റിക് കുപ്പികളും കുടകളുമായി പോലിസിനെ നേരിട്ടു. തങ്ങള്‍ക്കു യഥാര്‍ഥ ജനാധിപത്യം വേണമെന്നു പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്നു പോലിസ് ലാത്തി പ്രയോഗിക്കുകയും തുടര്‍ന്നു ബലംപ്രയോഗിച്ചു പുറത്താക്കുകയുമായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രക്ഷോഭം തുടങ്ങിയതെന്നു വിദ്യാര്‍ഥി നേതാവ് അലക്സ് ചോ പറഞ്ഞു.
2017ലെ ഹോങ്കോങ് തിരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ പാടില്ലെന്നാണു പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍, ചൈനീസ് അനുമതി ലഭിക്കുന്നവരെ മാത്രമേ മല്‍സരിക്കാന്‍ അനുവദിക്കൂ എന്നാണ് ചൈനീസ് നിലപാട്. കോടതി ഉത്തരവിനെ തുടര്‍ന്നു മോങ്കോക്ക് വ്യാപാരജില്ലയിലെ സമരക്കാരുടെ പ്രധാന താവളം അധികൃതര്‍ നീക്കംചെയ്തിരുന്നു. മൃദുസമീപനം മാറ്റി ശക്തമായ ഇടപെടലിനാണ് പോലിസ് നീക്കം നടത്തുന്നതെന്നു ബി.ബി.സി. റിപോര്‍ട്ട് ചെയ്യുന്നു.