ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുത്തന്‍ തലമുറ ജാസ്സ് ഇന്ത്യയിലെത്താന്‍ വൈകും. നിലവില്‍ വിപണിയിലുള്ള ഹോണ്ട സെഡാന് മോഡലായ സിറ്റിയ്ക്കും മൊബീലിയോയ്ക്കുമുള്ള വന്‍ ഡിമാന്‍ഡ് കണക്കിലെടുത്താണ് ജാസ്സിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തിക്കാന്‍ കമ്പനി വൈകിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ജാസ്സിന്റെ വില്‍പ്പന നിര്‍ത്തി രണ്ടാം വര്‍ഷമാണ് പുതിയ പതിപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. ജാസ്സിന്റെ ക്വാളിറ്റി ലെവലും ഫ്ളെക്സിബിള്‍ ഇന്റീരിയറും അതേ പടി നിലനിര്‍ത്തിയാകും പുത്തന്‍ മോഡല്‍ എത്തുക. പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തില്‍ മികച്ച വില്‍പ്പനയാണ് ഹോണ്ട പരിഷ്കരിച്ച ജാസ്സിന് പ്രതീക്ഷിക്കുന്നത്.
മറ്റു മോഡലുകള്‍ക്കുള്ള ആവശ്യമേറിയതിനാല്‍ ‘ജാസിന്റെ തിരിച്ചുവരവ് പുനഃക്രമീകരിച്ചെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഹിരൊനോരി കനയാമ സ്ഥിരീകരിച്ചു. പുതിയ ‘ജാസ് എത്തുന്ന തീയതി സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും അടുത്ത വര്‍ഷം എപ്പോള്‍ വേണമെങ്കിലും കാര്‍ വില്‍പ്പനയ്ക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു.