ഹ്യൂസിന് അന്ത്യാഞ്ജലി

സിഡ്‌നി: അകാല വിയോഗത്താല്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റിന് തീരാവേദനയേകിയ ഫിലിപ് ഹ്യൂസിന് വിട. ജന്മദേശമായ മാക്‌സ്‌വില്ലെയില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. അന്തിമോപചാരമര്‍പ്പിക്കാന്‍ അയ്യായിരത്തോളം പേര്‍ എത്തും. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ‘എനിക്ക് നഷ്ടമായത് സഹോദരനെയാണെന്ന’് ട്വിറ്ററില്‍ ചെയ്ത പോസ്റ്റ് ഏറെ വൈകാരികമായിരുന്നു.

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും ടീം ഒഫിഷ്യലുകളും സഹതാരങ്ങളുമെല്ലാം മാക്‌സ്‌വില്ലെയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രതിനിധാനം ചെയ്ത് ടീം ഡയറക്ടര്‍ രവിശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് ഡങ്കന്‍ ഫ്‌ളെച്ചര്‍ എന്നിവര്‍ പങ്കെടുക്കും.

ചാനല്‍ 9, സെവെന്‍ ടെന്‍, എ ബി സി ടിവി, സ്‌കൈ ന്യൂസ് ചാനലുകള്‍ സംസ്‌കാര ചടങ്ങ് തത്‌സമയം സംപ്രേഷണം ചെയ്യും. മുന്‍ താരങ്ങളായ മാര്‍ക് ടെയ്‌ലര്‍, റിച്ചാര്‍ഡ് ഹാഡ്‌ലി, റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ്, സ്റ്റീവ് വോ, ജസ്റ്റിന്‍ ലാംഗര്‍ എന്നിവര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.

Top